ഇസ്രായേൽ പ്രതിരോധ മന്ത്രിക്ക് ബഹ്‌റൈനില്‍ ലഭിച്ചത് ഊഷ്മള സ്വീകരണം
ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്റ്സിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.
സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഇബ്രാഹിമി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ ഉയർന്നു.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിന് സന്ദർശനം ഉപകരിക്കുമെന്ന് ഹമദ് രാജാവ് പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനും അതു വഴി പുരോഗതിയും വളർച്ചയും ഉറപ്പാക്കുന്നതിനും സാധ്യമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പരസ്പര സഹകരണം, സംവാദം, സമാധാനപൂർണമായ സഹവർത്തിത്വം എന്നിവയിലാണ് ബഹ്റൈൻ ഊന്നുന്നത്. ലോകത്ത് മുഴുവൻ സമാധാനം കളിയാടണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇതിനായി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളിൽ ബഹ്റൈൻ ഏർപ്പെടുന്നുമുണ്ട്.
അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും പാലിച്ച് വിവിധ രാജ്യങ്ങളുമായി തുറന്നതും സൗഹൃദപൂർണവുമായ ബന്ധമാണ് ബഹ്റൈൻ തേടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് നൽകിയ സ്നേഹത്തിനും മനം നിറഞ്ഞ സ്വീകരണത്തിനും ബെന്നി ഗാൻറ്റ്സ് ഹമദ് രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായും ബെന്നി ഗാൻറ്റ്സ് കൂടിക്കാഴ്ച നടത്തി.