ബഹ്റൈൻ രാജാവ് ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തി
ഔദ്യോഗിക സന്ദർശനത്തിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ എത്തി. റിയാദ് എയർപോർട്ടിലെത്തിയ അദ്ദേഹത്തെ കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സുഊദ്, റിയാദ് ഉപ ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, സൗദിയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അലി ബിൻ അബ്ദുറഹ്മാൻ ബിൻ അലി അൽഖലീഫ, സൗദി ഇൻഫർമേഷൻ ആന്‍റ് വാണിജ്യ കാര്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ കസ്ബി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സുഊദുമായി അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തും. ബഹ്റൈനും സൗദിയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കാൻ സന്ദർശനം കാരണമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സൗദിയുമായുള്ള ബന്ധം കേവല നയതന്ത്രബന്ധമല്ലെന്നും ആഴത്തിലുള്ള ഹൃദയ ബന്ധമാണെന്നും ഹമദ് രാജാവ് റിയാദിലെത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കുകയും ചെയ്തു.