സൗദിയുമായി ബഹ്റൈൻ രാജാവ് നടത്തിയ ചർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രിസഭയുടെ വിലയിരുത്തൽ
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുെട സൗദി സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടാൻ കാരണമായെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലാണ് യോഗം നടന്നത്.
സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നടത്തിയ ചർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമായ അവസ്ഥയിൽ തുടരുന്നതിനും സാഹോദര്യ ബന്ധത്തിെൻറ ഇഴയടുപ്പം വർധിക്കുന്നതിനും സന്ദർശനം വഴിയൊരുക്കുമെന്ന് സഭാംഗങ്ങൾ വിലയിരുത്തി.
മേഖല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിവിധ വെല്ലുവിളികൾ നേരിടുന്നതിന് ഒന്നിച്ചു നിൽക്കുന്നതിനും അൽ ഉല കരാറിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിെൻറ പുരോഗതിയും വിലയിരുത്തി. സുരക്ഷാ, പ്രതിരോധ മേഖലകളിൽ ശ്രദ്ധയൂന്നുന്നതിനും സാമ്പത്തിക മേഖലയുടെ വളർച്ച സാധ്യമാക്കുന്നതിനും തീരുമാനിച്ചു. മേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ ഏക നിലപാട് സ്വീകരിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന തീരുമാനവും കൈക്കൊണ്ടു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അമേരിക്കൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധത്തിന് ആഴം വർധിപ്പിക്കാൻ ഉതകിയതായി വിലയിരുത്തി. രാജ്യത്തെ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി വനിതാ സുപ്രീം കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും ആശാവഹമാണെന്ന് കാബിനറ്റ് വിലയിരുത്തി.
രാജപത്നിയും വനിത സുപ്രീം കൗൺസിൽ ചെയർ പേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃപാടവം ഇതിൽ ശ്രദ്ധേയ പങ്കുവഹിക്കുന്നുണ്ട്. ലോക വനിതാ ദിനാചരണത്തിെൻറ പശ്ചാത്തലത്തിലാണ് രാജ്യത്തെ വനിതകളുടെ പുരോഗതിയും വളർച്ചയും വിലയിരുത്തിയത്.
യെമനിലെ ഹൂതികളെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാനും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്താനും ആയുധ ഉപരോധം ഏർപ്പെടുത്താനുമുള്ള യു.എൻ രക്ഷാ സമിതിയുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. മറ്റു സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈകൊണ്ടു.