ജി.സി.സിയിൽനിന്ന് ബ്രിട്ടനിൽ പോകാനാഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കും
ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ബ്രിട്ടീഷ് ഗവർമെന്‍റ് വൃത്തങ്ങൾ അറിയിച്ചു.
ജി.സി.സി രാഷ്ട്രങ്ങളിലുള്ളവർ ഇ-വിസക്ക് അപേക്ഷ നൽകുകയും 10 സ്റ്റെർലിങ് പൗണ്ട് കൂടെ ഫീസായി അടക്കുകയും ചെയ്താൽ മതി. കുറഞ്ഞ ചിലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുയകാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജി.സി.സി രാജ്യങ്ങളിലുള്ളവർക്ക് കൂടാതെ ജോർഡൻ പൗരന്മാർക്കും ഇതുപയോഗപ്പെടുത്താൻ സാധിക്കും.
ബ്രിട്ടൺ വിനോദ സഞ്ചാര മേഖലയിൽ ജി.സി.സി പൗരന്മാർ വലിയ സംഭാവനയാണ് നൽകുന്നതെന്നും അതിനാലാണ് പുതിയ ഇ-വിസ സമ്പ്രദായം അവർക്കായി കുറഞ്ഞ ചെലവിൽ ഏർപ്പെടുത്തുന്നതെന്നും ബ്രിട്ടൺ പ്രവാസി കാര്യ മന്ത്രി റോബർട്ട് ജെനറിക് വ്യക്തമാക്കി.
മൾട്ടിപ്പ്ൾ എൻട്രിയുള്ള രണ്ട് വർഷത്തെ സന്ദർശക വിസയാണ് 10 പൗണ്ടിന് അനുവദിക്കുന്നത്. മറ്റ് അന്താരാഷ്ട്ര വിസകളെ അപേക്ഷിച്ച് ലളിതമായ നടപടിക്രമവും കുറഞ്ഞ ചെലവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. അപേക്ഷകർ അവരുടെ വ്യക്തിഗത വിവരങ്ങളും ബയോ മെട്രിക് വിവരങ്ങളും ഡിജിറ്റൽ ഫോട്ടോയും നൽകിയാൽ മതിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.