ഗതാഗത നിയമ ലംഘനം: നാടു കടത്തലടക്കമുള്ള നടപടികളുമായി ബഹ്‌റൈൻ

നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിൽ നടപടികൾ കർശനമാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു

Update: 2023-06-01 19:06 GMT
Advertising

ബഹ് റൈനിൽ ഗതാഗത നിയമ ലംഘനം നടത്തി പിടിയിലാകുന്ന പ്രവാസികളായ ഡ്രൈവർമാർ നാടു കടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് അഡ്വക്കറ്റ് ജനറൽ. നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിൽ നടപടികൾ കർശനമാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ കൂടുന്നത് അതീവ ഗൗരവതരമായ സ്ഥിതി വിശേഷമാണെന്ന് വിലയിരുത്തിയതിൻറെ അടിസ്ഥാനത്തിലാണു ഗതാഗത നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസി ഡ്രൈവർമാർ നാടുകടത്തൽ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന ട്രാഫിക് അഡ്വക്കറ്റ് ജനറലിൻറെ മുന്നറിയിപ്പ്. നിയമലംഘനത്തിൻറെ പേരിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. ഗതാഗത നിയമ ലംഘന കേസുകളുടെ വിചാരണയിൽ വാഹനങ്ങളുടെ കാര്യത്തിൽ തീർപ്പുകൽപിച്ചിട്ടില്ല.

ഇത്തരം കേസുകളിൽ ഉടനടി പരിഹാരമാണു ലക്ഷ്യമിടുന്നത്. റോഡിലെ നിയമലംഘനങ്ങളുടെ തോത് സമീപ കാലത്തായി വർധിച്ചത് രാജ്യത്ത് ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണി സ്യഷ്ടിക്കുകയാണു. ട്രാഫിക് നിയമ ലംഘനക്കേസുകളിൽ പബ്ളിക് പ്രോസിക്യൂഷൻ ദ്രുതഗതിയിൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അമിത വേഗത, അപകടകരമായ ഓവർടേക്കിങ്, തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളും റോഡിലെ തെറ്റായ രീതിയിലുള്ള വാഹനങ്ങളുടെ ട്രാക്ക് മാറ്റവും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.

നിയമ ലംഘനങ്ങൾക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും കുറ്റക്കാരെ പിടികൂടിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News