ദീർഘദൂര കുതിരയോട്ട മൽസര ജേതാവ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫക്ക് സ്വീകരണം
അബൂദബിയിൽ സമാപിച്ച ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് അദ്ദേഹം ജേതാവായത്
മനാമ: ദീർഘ ദൂര കുതിരയോട്ട മൽസരത്തിൽ സുവർണ നേട്ടം കരസ്ഥമാക്കി തിരിച്ചെത്തിയ ബഹ്റൈൻ രാജകുമാരൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം. അബൂദബിയിൽ സമാപിച്ച ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് അദ്ദേഹം ജേതാവായത്. ദീർഘദൂര കുതിരയോട്ട മൽസരത്തിൽ ജേതാവായി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ തിരിച്ചെത്തിയപ്പോൾ ശൈഖ് ഈസ എയർബേസിൽ ദേശീയ പതാകകളേന്തി വിദ്യാർഥികൾ സ്വാഗതമോതി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു. അബുദബിയിലെ ബുദൈബ് ഇൻറർനാഷനൽ വില്ലേജിൽ നടന്ന 160 കിലോമീറ്റർ ദീർഘ ദൂര കുതിരയോട്ട മൽസത്തിലാണു രാജകുമാരൻ വിജയം നേടിയത്. ബഹ് റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുടെ മകനും ബഹ് റൈൻ റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റൻ കൂടിയായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ 36 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത 126 പേരോട് മൽസരിച്ചാണു ഒന്നാമതെത്തിയത്. ഏഴ് മണിക്കൂർ 36 മിനിറ്റ് 39 സെക്കൻഡ് സമയം കൊണ്ട് റെക്കോഡ് നേട്ടത്തോടെയായിരുന്നു ഫിനിഷിംഗ്.
വിജയം നേടിയ രാജകുമാരനെ അനുമോദിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാണ്ടർ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്‌മദ് ആൽ ഖലീഫ എന്നിവരും സ്വീകരണത്തിന് മുൻപന്തിയിലുണ്ടായിരുന്നു. മൽസര പരിപാടി വിജയകരമായി സംഘടിപ്പിച്ച യു.എ.ഇ ഭരണാധികാരികൾക്ക് ബഹ് റൈൻ രാജാവ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
കുതിരയോട്ട മൽസര മേഖലയിൽ ബഹ്‌െൈറൻറ പ്രശസ്തി അന്താരഷ്ട്ര തലത്തിൽ ഉയരുന്നതിന് കാരണമായ അഭിമാനകരമായ നേട്ടമാണ് ശൈഖ് നാസിർ നേടിയിട്ടുള്ളതെന്നും രാജാവ് പറഞ്ഞു. തനിക്ക് ലഭിച്ച നേട്ടം ബഹ്‌റൈൻ ഭരണാധികാരികൾക്കും ജനതക്കും അവകാശപ്പെട്ടതാണെന്ന് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. താൻ നേടിയ വിജയം രാജാവിനു സമർപ്പിക്കുന്നതായി പറഞ്ഞ രാജ്യത്തെ കായിക വിനോദങ്ങൾക്ക്, പ്രത്യേകിച്ച് എൻഡുറൻസ് സ്പോർട്സിന് രാജാവ് നൽകുന്ന പിന്തുണയെ പ്രശംസിച്ചു. തന്നെ പിന്തുണക്കുന്ന കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്ക് അദ്ദേഹം നന്ദി പറഞ്ഞു.