മക്കയിൽ തിരക്ക് നിയന്ത്രിക്കാൻ കാമറകൾ; പ്രവേശന കവാടം മുതൽ നിരീക്ഷണത്തിൽ
ഹറം പള്ളിയുടെ മുഴുവൻ നിലകളും ഉൾഭാഗവും, മുറ്റങ്ങളും ഹറമിലേക്കുള്ള പ്രധാന തെരുവുകളും പൊതു ഗതാഗത സ്റ്റേഷനുകളും, ഗതാഗത സംവിധാനവും വരെ മുഴുസമയവും കാമറ നിരീക്ഷണത്തിലാണ്
മക്ക: റമദാനിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് മക്ക. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളാണ് മക്കയിലെ മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. മക്കയിലേക്കുള്ള പ്രവേശന കവാടം മുതൽ നിരീക്ഷമ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടം മുതൽ ഹറം പള്ളിയുടെ മുഴുവൻ നിലകളും ഉൾഭാഗവും, മുറ്റങ്ങളും ഹറമിലേക്കുള്ള പ്രധാന തെരുവുകളും പൊതു ഗതാഗത സ്റ്റേഷനുകളും, ഗതാഗത സംവിധാനവും വരെ മുഴുസമയവും ക്യാമറ നിരീക്ഷണത്തിലാണ്.
മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചുമുള്ള വിശ്വാസികളുടെ പോക്കുവരവുകൾ മാത്രമല്ല, ആളുകളുടെ ചലനത്തിൻ്റെ തീവ്രതപോലും നിരക്ഷിക്കാൻ കഴിയുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ കാമറകൾ ഓപ്പറേഷൻ റുമുമായും നിരീക്ഷണ കേന്ദ്രവുമായും ബന്ധിപ്പിച്ചിരിക്കും. ഓപ്പറേഷൻ റൂമിൽ നിന്നും അപ്പപ്പോൾ ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ഓരോ ഭാഗങ്ങളിലും നിശ്ചയിച്ചിട്ടുള്ള സുരക്ഷാ ജീവനക്കാർ പ്രവർത്തിക്കുന്നത്. ഹറമിലെത്തുന്ന വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ വളരെ വലിയ പങ്കാണ് ഈ കാമറകൾക്കുള്ളത്. മക്കയിലേക്കുള്ള വാഹന ഗാതാഗത നിയന്ത്രണം മാത്രമല്ല, വിവിധ വഴികളിലൂടെ ഹറമിലേക്ക് വരുന്നതും പോകുന്നതുമായ കാൽ നടയാത്രക്കാരുടെ നീക്കങ്ങൾ പോലും സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നത് ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിച്ച് ഓപ്പറേഷൻ റൂമിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചാണ്.