ഹൂതികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് ആയിരത്തിലധികം ഹൂതികൾ
യമനിലെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാരിബ് പിടിച്ചെടുക്കാനാണ് ഹൂതികളുടെ നീക്കം. ഇതിനെതിരെ സൗദി സഖ്യസേനയും സഹായവുമായെത്തി. ഇതിനിടെ സൗദിക്ക് നേരെ തുടരെ ഹൂതികൾ വ്യോമോക്രമണം ശക്തമാക്കി. പിന്നാലെ സൗദി സഖ്യസേന തിരിച്ചടിച്ചു.
യമനിൽ ഹൂതികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ രണ്ടാഴ്ചക്കിടെ ആയിരത്തിലേറെ ഹൂതികൾ കൊല്ലപ്പെട്ടു. ജിദ്ദയിലെ സൗദി അരാംകോ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി നഗരങ്ങളിലേക്ക് തിരിച്ചടി നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിട്ടുണ്ട്.
യമനിലെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാരിബ് പിടിച്ചെടുക്കാനാണ് ഹൂതികളുടെ നീക്കം. ഇതിനെതിരെ സൗദി സഖ്യസേനയും സഹായവുമായെത്തി. ഇതിനിടെ സൗദിക്ക് നേരെ തുടരെ ഹൂതികൾ വ്യോമോക്രമണം ശക്തമാക്കി. പിന്നാലെ സൗദി സഖ്യസേന തിരിച്ചടിച്ചു. സഖ്യസേനാ കണക്ക് പ്രകാരം രണ്ടാഴ്ചക്കുള്ളിൽ ആയിരത്തിലേറെ ഹൂതി സായുധ സൈനികരെ വധിച്ചു. അഞ്ഞൂറിലേറെ കവചിത വാഹനങ്ങളും തകർത്തു.
ഇതിന് ശേഷമാണ് സൗദി അറേബ്യയിലേക്ക് ആക്രമണം നടത്തിയെന്ന ഹൂതികളുടെ അവകാശ വാദം. മൂന്ന് ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സഖ്യസേന അവകാശപ്പെട്ടു. ജിദ്ദയിലെ അരാംകോയുടെ റിഫൈനറികളിലേക്ക് ആക്രമണം നടത്തിയെന്നാണ് ഹൂതികൾ വാദിച്ചത്. റിയാദ്, ജിദ്ദ, അബഹ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലെ സൈനിക ലക്ഷ്യങ്ങളിലും സംഘം ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരിയ ടെലിവിഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ എവിടെയും മിസൈലുകളും ഡ്രോണും പതിച്ചതായി റിപ്പോർട്ടുകളില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു. സനാ, സാദ, മാരിബ് പ്രവിശ്യകളിലെ ഹൂതി കേന്ദ്രങ്ങളാണ് സൗദി സഖ്യസേന ലക്ഷ്യം വെക്കുന്നത്. യെമനിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കാനുള്ള യുഎന്നിന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ വഴിമുട്ടിയ അവസ്ഥയിലാണ്.