അനധിക്യത തൊഴിലാളികളെ കണ്ടെത്തൽ; ബഹ്റൈനിൽ പരിശോധനകൾ വ്യാപകം
പ്രവാസികൾ അവരുടെ വിസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു
മനാമ: ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധ ജോലിക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി. അവധി ദിവസങ്ങളിലടക്കം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പ്രവാസികൾ അവരുടെ വിസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.
നിയമ വിധേനയല്ലാതെ രാജ്യത്ത് തങ്ങുന്ന തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനകൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നേത്യത്വത്തിലാണു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. പരിശോധനയിൽ തൊഴിലാളികൾ നിയമ വിധേയമല്ലെന്ന് വ്യക്തമായാൽ തൊഴിലുടമക്ക് 1000 ദീനാറാണ് പിഴ അടക്കേണ്ടിവരുക. അനധിക്യത തൊഴിലാളി 100 ദിനാർ പിഴ അടക്കേണ്ടിവരൂകയും നാടുകടത്തലടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും. തൊഴിൽ വിപണിയിലെ അനധികൃത പ്രവണതകൾ നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ നടപടികൾ പരിഹരിക്കുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തിവരുകയാണെന്ന് എൽ.എം.ആർ.എ അറിയിച്ചു.
എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുകയാണ് ലക്ഷ്യം. ഈ വർഷം ആദ്യപാദത്തിൽ തന്നെ10,000 സംയുക്ത പരിശോധനകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടത്തിയ പരിശോധനകളേക്കാൾ 56 ശതമാനം വർധനവാണിത്. വർക്ക് പെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾക്കെതിരെ 983 കേസുകൾ രജിസ്റ്റർ ചെയ്തു. നാടുകടത്തിയ തൊഴിലാളികളുടെ എണ്ണം അഞ്ച് മടങ്ങായി വർധിച്ചെന്നും അധികൃതർ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും നിയമപരമായ ബാധ്യതകൾ ഒഴിവാക്കാനും നടപടിക്രമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനും അധിക്യതർ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.സ്ഥിരം തൊഴിലാളികളെ മാത്രമാണ് നിയമിക്കേണ്ടതെന്നും വർക്ക് പെർമിറ്റ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമെ തൊഴിലാളികളെ നിയമിക്കാവൂ എന്നും അധിക്യതർ നിർദേശം നൽകി.
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾ നൽകിയിട്ടുള്ള കാലാവധിക്കുള്ളിൽ ഒന്നുകിൽ പുതിയ തൊഴിലുടമയെ കണ്ടെത്തുകയോ അല്ലെങ്കിൽ സ്വദേശത്തേക്ക് തിരിച്ചുപോകുകയോ ചെയ്യണമെന്നാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. അല്ലെങ്കിൽ നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യോഗ്യതയുള്ളവർക്ക് ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ ചേർന്ന് ഫ്ലക്സി വിസ സ്വീകരിക്കാമെന്നും എൽ.എം.ആർ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാവുന്ന അംഗീകൃത സെന്ററുകളുടെ വിവരങ്ങൾ എൽ.എം.ആർ.എ വെബ്സൈറ്റിൽ അധിക്യതർ ലഭ്യമാക്കിയിട്ടുണ്ട്