ഈസ്റ്റർ ആഘോഷത്തിൽ പ്രവാസികളും; ഗൾഫിലെ ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷ
യു.എ.ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പ്രവർത്തി ദിനമായതിനാൽ ദേവാലയങ്ങിലെ ഈസ്റ്റർ ശുശ്രൂഷകൾ ഇന്നലെ രാത്രിയോടെ തന്നെ പൂർത്തിയായി
ദുബൈ: ഗൾഫിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും വിശ്വാസികൾ യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമകളിൽ ഈസ്റ്റർ ആഘോഷിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്നലെ വൈകുന്നേരം മുതൽ ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു.
യു.എ.ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പ്രവർത്തി ദിനമായതിനാൽ ദേവാലയങ്ങിലെ ഈസ്റ്റർ ശുശ്രൂഷകൾ ഇന്നലെ രാത്രിയോടെ തന്നെ പൂർത്തിയായി. വാരാന്ത്യ അവധി ഞായറാഴ്ചയിലേക്ക് മാറിയതിനാൽ യു.എ.ഇയിലെ ക്രിസ്തുമത വിശ്വാസികൾ വിപുലമായ ഈസ്റ്റർ ആഘോഷത്തിലാണ്. ഇന്ന് രാവിലെയും യു.എ.ഇയിലെ പള്ളികളിൽ ഈസ്റ്റർ ശുശ്രൂഷയുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനാൽ രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ആയിരങ്ങളാണ് ഈസ്റ്ററിനായി പള്ളികളിൽ സമ്മേളിച്ചത്.
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷക്ക് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് നേതൃത്വം നൽകി. ഗൾഫിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ദുബൈ സെന്റ് മേരീസ് പള്ളിയിൽ ആയിരങ്ങൾ രാത്രി കുർബാനയിൽ പങ്കെടുത്തു. അബൂദബി മുസഫാ സെന്റ് പോൾസ് കാത്തലിക്ക് പള്ളിയിൽ മലയാളത്തിൽ നടന്ന ഉയിർപ്പ് തിരുന്നാൾ ശുശ്രൂഷക്ക് ഫാദർ വർഗീസ് കോഴിപ്പാടൻ മുഖ്യകാർമികത്വം വഹിച്ചു.
മസ്‌കത്ത് മാർ ഗ്രിഗോറിയോസ് മഹാഇടവകയിൽ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് പ്രാർഥനകൾക്ക് നേതൃത്വം വഹിച്ചത്. ന്യൂസിലന്റ് ഹാമിൽട്ടൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയിൽ വികാരി ഫാ. അബിൻ മണക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ പള്ളികളിലും പ്രവാസികൾ ഉയിർപ്പ് തിരുനാൾ ചടങ്ങുകളിൽ പങ്കെടുക്കാനെത്തി.