കുവൈത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികൾക്കുള്ള മെഡിസിൻ ഫീസില്‍ ഇളവ്
പ്രവാസികൾക്ക് മരുന്നുകൾ സ്വീകരിക്കുന്നതിന് അഞ്ച് ദീനാർ നിശ്ചിത ഫീസ് ഈടാക്കുന്നതിന് പകരം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് വിൽപ്പന നടത്തുകയെന്നതാണ് പ്രധാന നിർദേശം
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് വിൽപ്പന നടത്തുവാന്‍ നീക്കം. മെഡിസിൻ ഫിസിൽ ഇളവ് വരുന്നത് പ്രവാസികൾക്ക് ആശ്വാസമാകും. കുവൈത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികൾക്കുള്ള മെഡിസിൻ ഫീസില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. മരുന്ന് വിൽപ്പന നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയംഅറിയിച്ചു.
മെഡിസിൻ ഫീസില്‍ മാറ്റം വരുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദിക്ക് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കും. പ്രവാസികൾക്ക് മരുന്നുകൾ സ്വീകരിക്കുന്നതിന് അഞ്ച് ദീനാർ നിശ്ചിത ഫീസ് ഈടാക്കുന്നതിന് പകരം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് വിൽപ്പന നടത്തുകയെന്നതാണ് പ്രധാന നിർദേശം . നിലവില്‍ പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദിനാറും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 10 ദിനാറുമാണ് പ്രവാസികള്‍ അധിക മരുന്നു നിരക്ക് നല്‍കുന്നത്.മെഡിസിൻ ഫീസ് നടപ്പാക്കിയ ശേഷവും സര്‍ക്കാര്‍ ക്ലിനിക്കുകളിൽ മരുന്നുകളുടെ ഉപഭോഗം കൂടുതലാണെന്നാണ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം സമര്‍പ്പിച്ചത്. അതിനിടെ ചികിത്സക്കായി ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന പ്രവാസികള്‍ ഫീസ് അടക്കാതെയും ഫീസ് അടച്ചവര്‍ ആവശ്യത്തില്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങുന്നതായി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എക്‌സ്‌റേ, മെഡിക്കൽ ഉപകരണങ്ങളും ഫീസ് അടയ്‌ക്കാതെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ആരോഗ്യ ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത്തരം കൃത്രിമങ്ങൾ നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നേരത്തെ പ്രവാസികള്‍ക്ക് മരുന്നുകള്‍ സൗജന്യമായിരുന്നു. ആതുര സേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനുമാണ് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം മെഡിസിൻ ഫിസിൽ ഇളവ് വരുന്നത് പ്രവാസികൾക്ക് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത് .