സൗദിയിൽ പള്ളികളിലും സർവ്വകലാശാലകളിലും ഇനി ചുമരുകൾക്ക് പകരം ഗ്ലാസ്; പുതിയ പദ്ധതിയുമായി ഇസ്ലാമിക കാര്യ മന്ത്രാലയം
വൈദ്യുതി ഉപഭോഗവും മറ്റു ചിലവുകളും കുറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്
ജിദ്ദ: സൗദിയിൽ പള്ളികളിലും സർവ്വകലാശാലകളിലും ചുമരുകൾക്ക് പകരം ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്ന പദ്ധതി കൂടുതൽ മേഖലകളിൽ നടപ്പിലാക്കി തുടങ്ങി. വൈദ്യുതി ഉപഭോഗവും മറ്റു ചിലവുകളും കുറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 44 മില്യണ് റിയാലിലധികം ഇതിനായി ചെലവ് വരുമെന്നാണ് പ്രതീക്ഷ.
അടുത്തിടെയാണ് മക്കയിലെ നൂറോളം പള്ളികളിൽ ചുമരുകൾക്ക് പകരം ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്ന പദ്ധതി ഇസ്ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. പദ്ധതി രാജ്യത്തുടനീളമുളള 589 പള്ളികളിലേക്കും സർവ്വകലാശാലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വൈദ്യുതോർജ്ജ ഉപഭോഗം കുറയ്ക്കുക, എയർ കണ്ടീഷനിംഗ്, ഫർണിച്ചറുകൾ, ലൈറ്റിംഗ് എന്നിവയുടെ ആയുസ്സ് വർദ്ധിപ്പിക്കുക, പരിപാലനച്ചെലവ് 70% ലധികം കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ചുമരുകൾക്ക് പകരമായി ഗ്ലാസുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ഉപഭോഗത്തിൽ വൻ കുറവുണ്ടാകും. കൂടാതെ അറ്റകുറ്റപ്പണികൾ, ഫർണിച്ചറുകൾ തുടങ്ങിയവയിലെ ചെലവുകളിലും പരോക്ഷമായ കുറവ് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ റിയാദ് മേഖലയിൽ 64 യൂണിവേഴ്സിറ്റികളിലും, മക്ക മേഖലയിൽ 100 പള്ളികളിലും പദ്ധതി നടപ്പിലാക്കും. കൂടാതെ കിഴക്കൻ പ്രവിശ്യയിൽ 58, തബൂക്ക് മേഖലയിൽ 30, അൽ-ഖാസിം മേഖലയിൽ 83, നജ്‌റാൻ മേഖലയിൽ 89, അസീർ മേഖലയിൽ 100. മദീന മേഖലയിൽ 23, വടക്കൻ അതിർത്തി മേഖലയിൽ 22, അൽ ജൗഫിൽ 20 എന്നിങ്ങിനെയാണ് ഗ്ലാസ് പാർട്ടീഷനുകൾ സ്ഥാപിക്കുന്ന പള്ളികളുടെ എണ്ണം.