സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാഫലം; ഗൾഫിലെ സ്കൂളുകളിൽ മികച്ചവിജയം
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിലും ഗൾഫിലെ സ്കൂളുകൾ മികച്ച വിജയം കരസ്ഥമാക്കി. യു.എ.ഇയിൽ മാത്രം 93 സ്കൂളുകളിൽ വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. മിക്ക സ്കൂളുകളും നൂറുമേനി വിജയം കൈവരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.
ദുബൈയിൽ 29 സ്കൂളിലും ഷാർജയിൽ 21 സ്കൂളിലും അബൂദബിയിൽ 20 സ്കൂളിലും അജ്മാനിൽ 11 സ്കൂളിലുമാണ് സിബിഎസ്ഇ പരീക്ഷ നടന്നത്. റാസൽഖൈമയിൽ അഞ്ച് സ്കൂളുകൾ, ഫുജൈറയിലെ ആറ് സ്കൂളുകൾ എന്നിവയും വിദ്യാർഥികളെ പരീക്ഷക്കിരുത്തി. ഉമ്മുൽഖുവൈനിൽ ഒരു സ്കൂളിലാണ് സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ നടന്നത്. 492 പേർ പരീക്ഷയെഴുതിയ ഷാർജ ഇന്ത്യൻ സ്കൂളിൽ മുഴുവൻ പേരും വിജയിച്ചതായി പ്രിൻസിപ്പൽ പ്രമോദ് മഹാജൻ അറിയിച്ചു.
146 പേർ പരീക്ഷയെഴുതിയ ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ സയൻസ് സ്ട്രീമിൽ മുഴുവൻ വിദ്യാർഥികളും ഉയർന്ന മാർക്കോടെ വിജയിച്ചതായി പ്രിൻസിപ്പൽ കാറൻ റോബിൻസനും അറിയിച്ചു.അബൂദബി മോഡൽ സ്കൂളിൽ പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചതായി പ്രിൻസിപ്പൽ വിവി അബ്ദുൽഖാദറും അറിയിച്ചു.