വിശുദ്ധ കഅബയും മേല്‍ക്കൂരയും അണുവിമുക്തമാക്കി

Update: 2022-01-25 12:05 GMT
Advertising

മക്ക: പ്രത്യേക ദേശീയ സാങ്കേതിക സംഘത്തിന്റ സഹായത്തോടെ വിശുദ്ധ കഅബയും മേല്‍ക്കൂരയും 20 മിനിറ്റിനുള്ളില്‍ അണുവിമുക്തമാക്കി. ഫീല്‍ഡ് സര്‍വീസസ് ആന്‍ഡ് അഫയേഴ്സ്-എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ റിയലൈസേഷന്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കഅബയുടെ ഉപരിതലത്തിലെ പൊടിപടലങ്ങളും പക്ഷി കാഷ്ഠവുമെല്ലാം നീക്കുന്ന പ്രവൃത്തിയാണ് ആദ്യപടി. പിന്നെ കഅബയുടെ മുഴുവന്‍ ഉപരിതലവും, ക്ലാഡിങ് ഹോള്‍ഡറും, ഭിത്തിയും, കഅബയുടെ മേല്‍ക്കൂരയുടെ വാതിലും നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കും. അതിനുശേഷം, അത്യധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളുമുപയോഗിച്ച്, പലഘട്ടങ്ങളായി വെള്ളമൊഴിച്ച് കഅബ കഴുകുകയും ജലസാനിധ്യം പൂര്‍ണമായി നീക്കിയ ശേഷം പ്രതലങ്ങള്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഉണക്കിയെടുക്കും. ഇത്തരതത്തില്‍ പല ഘട്ടങ്ങളിലൂടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ഏജന്‍സി തലവന്‍ മുഹമ്മദ് അല്‍ ജാബ്രി വിശദീകരിച്ചു. കഅബയുടെ വൃത്തിയും പ്രൗഢിയും നിലനിര്‍ത്തുന്നതിനും മാര്‍ബിളിന്റെ ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിന് വേണ്ടിയുമാണ് ഇത്തരം മുന്തിയ ഇനം ഉകരണങ്ങള്‍ ഉപയോഗിക്കുന്നത്.

20 മിനിറ്റില്‍ കൂടാത്ത സമയപരിധിക്കുള്ളിലാണ് ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും, വിശുദ്ധ ഭവനം ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, കുറഞ്ഞ ചിലവില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും അല്‍ ജാബ്രി ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News