'പട്ടിണിയും അമിതവണ്ണവും' അറബ് ലോകത്തിന്റെ ഇരുവശങ്ങള്‍; യു.എന്‍ റിപ്പോര്‍ട്ട്

സമ്പന്ന അറബ് രാജ്യങ്ങളില്‍ അമിതവണ്ണം പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുകയാണ്

Update: 2021-12-17 10:38 GMT
Advertising


യുനൈറ്റഡ് നാഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, പട്ടിണിയും അമിതവണ്ണവും മൂലം പ്രയാസപ്പെടുകയാണ് സോമാലിയയും യെമനുമുള്‍പ്പടുന്ന അറബ് ലോകം.

അറേബ്യന്‍ രാഷ്ട്രങ്ങളിലാകെ 69 ദശലക്ഷം ആളുകള്‍ 2020ല്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ 420 ദശലക്ഷം ജനസംഖ്യയുള്ള പ്രദേശത്തെ മൂന്നിലൊന്ന് ശതമാനം പേര്‍ക്കും മതിയായ ഭക്ഷണം പേലും ലഭിക്കുന്നില്ല.

2019 നും 2020 നുമിടയില്‍ അറബ് ലോകത്ത് സംഘര്‍ഷ ബാധിതമോ അല്ലാത്തതോ ആയ രാജ്യങ്ങളിലെ 4.8 ദശലക്ഷമാളുകള്‍ പോഷകാഹാരക്കുറവ് അനുഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യം സോമാലിയയാണ്. യെമനിലെ ജനസംഖ്യയുടെ 45.4% പേര്‍ പട്ടിണി മൂലം ബുദ്ധിമുട്ടിയപ്പോള്‍, ജനസംഖ്യയുടെ 59.5% ജനങ്ങളാണ് സോമാലിയയില്‍ പട്ടിണിമൂലം കഷ്ടപ്പെട്ടത്. യെമനില്‍ 2020 വരെ, പ്രസവസമയത്ത് 61.5% സ്ത്രീകള്‍ അനീമിയ ബാധിതരായിട്ടുണ്ട്.

ഈ മേഖലയിലെ 141 ദശലക്ഷം ആളുകള്‍ക്ക് 2020ല്‍ മാത്രം ചെറിയ രീതിയിലോ അല്ലെങ്കില്‍ വലിയ അളവിലോ, ഭക്ഷ്യ അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ദശലക്ഷത്തിന്റെ വര്‍ദ്ധനവാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പട്ടിണിയില്‍ 91.1%ത്തിന്റ വര്‍ധനവാണ് അറബ് ലോകത്തുണ്ടായിരിക്കുന്നത്.

മേഖലയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 20.5% പേരില്‍ വളര്‍ച്ചാ മുരടിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ പ്രായത്തിലുള്ള 10.7% കുട്ടികളില്‍ അമിതഭാരവും പൊണ്ണത്തടിയും രേഖപ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്നവരിലെ അമിതവണ്ണമാണ് മേഖലയിലെ മറ്റൊരു പ്രധാന പ്രശ്നം.പ്രത്യേകിച്ച് സമ്പന്ന അറബ് രാജ്യങ്ങളില്‍ അമിതവണ്ണം പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുകയാണ്. 2020ല്‍, മുതിര്‍ന്നവരിലെ അമിതവണ്ണനിരക്ക് 28.8% ആയിരുന്നു. ഇത് ആഗോള ശരാശരിയായ 13.1% ന്റെ ഇരട്ടിയിലധികം വരും. സമ്പന്ന ഗള്‍ഫ് രാജ്യങ്ങളില്‍ അമിതവണ്ണം ഭീതിതമായ നിരക്കിലാണ്(37.4%) വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News