കുവൈത്തിൽ പ്രവാസികള്‍ക്ക് അനുവദിച്ച വിസയില്‍ വര്‍ധന
മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് അനുവദിച്ച വിസയില്‍ വര്‍ധന. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ എത്തിയ പ്രവാസികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഇമിഗ്രേഷൻ റിപ്പോർട്ടില്‍ പറഞ്ഞു .
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ റിപ്പോർട്ടിലാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് . കഴിഞ്ഞ വർഷം 3,18,000 പുതിയ വിസകളാണ് അനുവദിച്ചത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. കോവിഡിന് ശേഷം വിവിധ മേഖലകളിൽ ഉണ്ടായ ഉണർവ് കൂടുതൽ പ്രവാസികൾ രാജ്യത്ത് എത്താൻ ഇടയാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതിനിടെ 56,279 താമസ രേഖകളാണ് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത്. റിപ്പോർട്ട് അനുസരിച്ച് 2022 ലെ റെസിഡൻസി നിയമലംഘകരുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യത്ത് ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം താമസ നിയമ ലംഘകര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഗാര്‍ഹിക രംഗത്തും, സ്വകാര്യമേഖലയിലും തൊഴിലെടുക്കുന്നവരുണ്ട്.