ഇറാനും സൗദിയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കും
രണ്ടു മാസത്തിനകം എംബസികൾ തുറക്കാനും തീരുമാനമായി
റിയാദ്: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും. രണ്ടു മാസത്തിനകം എംബസികൾ തുറക്കാനും 2001ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സഹകരണ കരാർ പുനഃസ്ഥാപിക്കാനും തീരുമാനമായി. കൂടാതെ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കുകയും മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുകയില്ലെന്നും തീരുമാനിച്ചു. ചൈനയിലെ ബീജിംങിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് ശേഷമായിരുന്നു പശ്ചിമേഷ്യയുടെ ഗതിയെ തന്നെ നിർണയിക്കുന്ന സുപ്രധാന തീരുമാനം.
2016ലാണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അവസാനിപ്പിച്ചത്. 2016ൽ സൗദി അറേബ്യയിൽ വെച്ച് ഒരു ഷിയാ നേതാവിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. അന്ന് സൗദിയുടെ ദഹ്‌റാനിലെ എംബസിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.