യു.എ.ഇ തീരത്ത് അജ്ഞാതര്‍ റാഞ്ചിയ ചരക്കുകപ്പല്‍ സുരക്ഷിതം
എട്ടോ ഒമ്പതോ പേരടങ്ങിയ സായുധസംഘം ചൊവ്വാഴ്ചയാണ് ഹുര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ തീരത്തോടുചേര്‍ന്ന് പാനമ പതാകയുള്ള കപ്പല്‍ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ തീരത്ത് അജ്ഞാതര്‍ റാഞ്ചിയ ചരക്കുകപ്പല്‍ സുരക്ഷിതമെന്ന് ബ്രിട്ടീഷ് നാവിക സേന. നിരവധി പേരുള്‍പ്പെടുന്ന സായുധ സംഘം കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ബ്രിട്ടീഷ് നാവിക സേന അറിയിച്ചു. സംഭവത്തിനു പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു വ്യക്തമാക്കിയ ഇറാന്‍ ഗള്‍ഫ് സമുദ്രത്തില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും ആരോപിച്ചു. ഒമാനിലെ സൊഹാറിലേക്ക് ചരക്കുമായി പോയ 'ആസ്ഫല്‍റ്റ് പ്രിന്‍സസാ'ണ് റാഞ്ചിയത്.
എട്ടോ ഒമ്പതോ പേരടങ്ങിയ സായുധസംഘം ചൊവ്വാഴ്ചയാണ് ഹുര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ തീരത്തോടുചേര്‍ന്ന് പാനമ പതാകയുള്ള കപ്പല്‍ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും നാവിക സേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കപ്പല്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് നാവികസേനയുടെ വെളിപ്പെടുത്തല്‍. പിടിച്ചടക്കിയ കപ്പല്‍ ഇറാനിലേക്ക് കൊണ്ടുപോവുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ബ്രിട്ടനും അമേരിക്കയും ആരോപിച്ചു.
തങ്ങളെ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നവരുടെ സൃഷ്ടിയാണ് കപ്പല്‍ റാഞ്ചലെന്നും ഇറാന്‍ സായുധസേനക്കോ മറ്റു സൈനിക വിഭാഗങ്ങള്‍ക്കോ പങ്കില്ലെന്നും ഇറാന്‍ പ്രതികരിച്ചു. ഗള്‍ഫ് സമുദ്രത്തില്‍ അരക്ഷിതാവസ്ഥ സുഷ്ടിച്ച് ഇറാനെ ആക്രമിക്കാനാണ് നീക്കമെങ്കില്‍ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ ചരക്കുകപ്പല്‍ സമീപപ്രദേശത്ത് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം. ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള മെര്‍സര്‍ സ്ട്രീറ്റ് കപ്പലില്‍ ഡ്രോണുകള്‍ പതിക്കുകയായിരുന്നു. രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് യു.എസ്, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളുടെ ആരോപണം.