വൻ തോതിൽ വിദേശ മദ്യവുമായി കുവൈത്തിൽ ആറംഗ സംഘം പിടിയിൽ
പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം രണ്ട് ലക്ഷം കുവൈത്ത് ദിനാർ
Update: 2024-10-12 15:04 GMT
കുവൈത്ത് സിറ്റി:കുവൈത്തിൽ വൻ തോതിൽ വിദേശ മദ്യവുമായി ആറ് പേരടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേർ കുവൈത്തി പൗരന്മാരും മറ്റു നാലുപേർ ഏഷ്യൻ പ്രവാസികളുമാണ്. പ്രതികളിൽനിന്ന് 3,000 കുപ്പി മദ്യവും മയക്കുമരുന്നുകളും പണവും കണ്ടെടുത്തു.
പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം 200,000 കുവൈത്ത് ദിനാർ വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.