പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി കുവൈത്ത് അമീർ
വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ
കുവൈത്ത് അമീർ പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിയമം നിലവിൽ വരും. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമീർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1959 ലെ പഴയ നിയമത്തിൽ ഭേദഗതികൾ ഉൾപ്പെടുത്തുകയും പുതിയ വെല്ലുവിളികൾക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം, രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന എല്ലാ പ്രവാസികൾക്കും കാലാവധിയുള്ളതും സാധുതയുള്ളതുമായ പാസ്‌പോർട്ട് കൈവശം വേണം. ജിസിസി പൗരന്മാർക്ക് ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പുതുതായി ജനിച്ച കുട്ടികളെ ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യാതിരുന്നാൽ കുട്ടിക്ക് കുവൈത്തിൽ നാലുമാസം മാത്രമേ തുടരാനാകൂ.
സന്ദർശക വിസയുടെ പരമാവധി കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ രാജ്യത്തിന് പുറത്തു നാല് മാസത്തിൽ കൂടുതൽ താമസിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടണം. മറ്റ് തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്തു ആറുമാസം വരെ താമസിക്കാൻ അനുവാദമുണ്ട്.
ഗാർഹിക തൊഴിലാളി ജോലി വിട്ടു പോയാൽ, സ്പോൺസർ രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകേണ്ടതുണ്ട്. വിസാ കച്ചവടം, റസിഡൻസി കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് താമസ സൗകര്യം നൽകൽ എന്നിവയ്ക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
സാധുവായ റസിഡൻസി പെർമിറ്റ് ഉണ്ടായാലും വിദേശികളെ നാടുകടത്താനുള്ള അധികാരം ആഭ്യന്തര മന്ത്രിക്ക് നൽകിയിട്ടുണ്ട്. നാടുകടത്തുന്ന പ്രവാസികളെ 30 ദിവസം തടങ്കലിൽ വയ്ക്കാമെന്നും ആവശ്യമുണ്ടെങ്കിൽ കാലാവധി നീട്ടാമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, പ്രവാസി തൊഴിലാളികളെ നാടുകടത്തുന്നതിനുള്ള ചിലവുകൾ തൊഴിലുടമ വഹിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.