കുവൈത്തിലേക്ക് ലഹരി വസ്തുക്കൾ; ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ആഭ്യന്തരമന്ത്രി
രാജ്യത്ത് ലഹരി വസ്തുക്കൾ എത്തിക്കുന്നത് തടയാൻ കർശന പരിശോധനയാണ് നടന്നുവരുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്നതിനെ ജാഗ്രത പുലർത്താൻ മുന്നറിയിപ്പ് നല്‍കി ആഭ്യന്തരമന്ത്രി. ലഹരിക്കെതിരെ രാജ്യവ്യാപകമായി കാമ്പയിൻ നടത്തുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സമുദ്രാതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ശൈഖ് തലാൽ പറഞ്ഞു. കഴിഞ്ഞ ദിവസം സബാഹ് അൽ അഹമ്മദ് കോസ്റ്റ് ഗാർഡ് ബേസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഹരി വസ്തുക്കൾ എത്തിക്കുന്നത് തടയാൻ കർശന പരിശോധനയാണ് നടന്നുവരുന്നത് .
മയക്കുമരുന്ന് കടത്തുന്നത് പിടികൂടുന്നതിനായി വിമാനത്താവളത്തിലും തുറമുഖങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ നേരിട്ടാണ് ലഹരി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന്‍റെ സുരക്ഷ സംരക്ഷിക്കാൻ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അതിർത്തി സൈനികരുടെ ശ്രമങ്ങളെ ശൈഖ് തലാൽ പ്രശംസിച്ചു. കോസ്റ്റ് ഗാർഡ് ബേസിലെ നിർമ്മാണങ്ങൾ പരിശോധിച്ച ശൈഖ് തലാൽ എട്ട് ദ്രുത ഇടപെടൽ കപ്പലുകളും 11 ഇന്‍റർസെപ്ഷൻ പെട്രോളിംഗും കമ്മീഷൻ ചെയ്തു.