കുവൈത്തിൽ പൊലീസ് പരിശോധനക്കിടെ രണ്ട് പെട്ടി മദ്യം ഉപേക്ഷിച്ച് വിൽപ്പനക്കാരൻ കടന്നുകളഞ്ഞു
അബ്ദുള്ള അൽ-മുബാറക് ഏരിയയിലാണ് സംഭവം
Update: 2024-10-17 13:07 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസ് പരിശോധനക്കിടെ രണ്ട് പെട്ടി മദ്യം ഉപേക്ഷിച്ച് വിൽപ്പനക്കാരൻ കടന്നുകളഞ്ഞു. പതിവ് പട്രോളിംഗിനിടെ അബ്ദുള്ള അൽ-മുബാറക് ഏരിയയിലെ ഒറ്റപ്പെട്ട സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ ഒരു വാഹനം പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ അടുത്തെത്തിയപ്പോൾ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള ഒരു മരത്തിന് താഴെ രണ്ട് പെട്ടികൾ ഉപേക്ഷിച്ചാണ് ഡ്രൈവർ കടന്നുകളഞ്ഞത്. പെട്ടിയിൽ നിന്ന് 33 ഇറക്കുമതി ചെയ്ത ബോട്ടിൽ മദ്യവും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളിൽ സൂക്ഷിച്ചിരുന്ന എട്ട് പ്രാദേശികമായി നിർമിച്ച മദ്യവും കണ്ടെത്തി. വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് വിവരങ്ങൾ ഉപയോഗിച്ച് രക്ഷപ്പെട്ടയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.