കുവൈത്തിൽ ഒമിക്രോൺ ഉപവകഭേദം ഇജി.5 വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം
പുതിയ ഉപവകഭേദങ്ങള്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാള്‍ അപകടകരമല്ലെന്നും ലോകാരോഗ്യസംഘടന
Update: 2023-08-16 18:54 GMT
കുവൈത്തിൽ കോവിഡ് വൈറസിന്‍റെ ഒമൈക്രോൺ ഉപ വകഭേദമായ ഇജി.5 വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.നേരത്തെയുള്ള വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദം അപകടകരമല്ല. അതേസമയം, ശ്വാസകോശ അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ഒമിക്രോണ്‍ എക്സ്.ബി.ബി വകഭേദത്തിന്റെ ഉപവകഭേദമാണ് ഇജി 5.ലോകത്ത് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഉപവകഭേദങ്ങള്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാള്‍ അപകടകരമല്ലെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. ലോകത്ത് അമ്പതോളം രാജ്യങ്ങളിൽ ഇജി.5 കണ്ടെത്തിയിട്ടുണ്ട്.