സർജറി വഴി വിരലടയാളത്തിൽ കൃതിമം വരുത്തിയ വിദേശികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു
നേരത്തെ നാടുകടത്തപ്പെട്ടവരാണ് തിരികെ പ്രവേശിക്കാൻ ശസ്‌ത്രക്രിയ നടത്തിയത്
Update: 2023-08-25 20:07 GMT
മെഡിക്കൽ സർജറി വഴി വിരലടയാളത്തിൽ കൃതിമം വരുത്തിയ വിദേശികളെ കുറ്റാന്വേഷണ വിഭാഗം കുവൈത്തില്‍ അറസ്റ്റ് ചെയ്തു. അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തി രാജ്യത്തേക്ക് കടന്നവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിരലടയാള പാറ്റേണുകൾ മാറ്റുന്നതിനായി വിരൽത്തുമ്പിന്റെ മുകളിലെ പാളി മുറിച്ചുമാറ്റി, ടിഷ്യുവിന്റെ ഒരു ഭാഗം നീക്കംചെയ്ത് വീണ്ടും തുന്നിക്കെട്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. നേരത്തെ കുവൈത്തില്‍ നിന്നും നാടുകടത്തപ്പെട്ടവരാണ് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ വിരലടയാള ശസ്‌ത്രക്രിയ നടത്തിയത്.
നിലവില്‍ കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് വിരലടയാള പരിശോധന നിര്‍ബന്ധമാണ്. പിടികൂടിയ പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്