24 ശതമാനം ഇന്ത്യക്കാർ; കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്
കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4,70,000 ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്
കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്.രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ 24 ശതമാനം തൊഴിലാളികളും ഇന്ത്യക്കാർ. സ്വദേശിവത്ക്കരണം ശക്തമാകുമ്പോഴാണ് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവുണ്ടായത്. ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലാണ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4,70,000 ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവർക്ക് പുറമെയുള്ള കണക്കാണിത്.
കഴിഞ്ഞവർഷം സെപ്തംബർ വരെയുള്ള ഒമ്പത് മാസത്തിനിടയിൽ 39,219 ഇന്ത്യൻ തൊഴിലാളികളാണ് പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവേശിച്ചത്. നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്ക് തിരികെ പോയിരുന്നതിനെ തുടർന്ന് ഒന്നാം സ്ഥാനത്തായിരുന്ന ഈജിപ്ഷ്യൻ സമൂഹം ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുവൈത്തിലെ തൊഴിലാളികളുടെ 23.6 ശതമാനം ഈജിപ്ഷ്യൻ തൊഴിലാളികളാണ്. 120 ഓളം രാജ്യങ്ങളിലെ പൗരന്മാർ കുവൈത്തിൽ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, സിറിയ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനവും.
Increase in the number of Indian workers in Kuwait