കോവിഡ് വീണ്ടുമുയരുന്നു; ആശങ്ക വേണ്ടെന്ന് കുവൈത്ത്
തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗി പോലും ഇല്ലെന്നും ഏപ്രിൽ മാസത്തിലാണ് അവസാനമായി കോവിഡ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ കോവിഡ് കേസുകളിൽ അടുത്തിടെയുണ്ടായ വർധന ആശങ്ക ഉയർത്തുന്നതല്ലെന്നു ആരോഗ്യമന്ത്രാലയം. കോവിഡ് ബാധിതരിൽ ഒരാളുടെ പോലും നില ഗുരുതരമല്ല കഴിഞ്ഞ ഏപ്രിലിന് ശേഷം രാജ്യത്തു കോവിഡ് മൂലം മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ കോവിഡ് കേസുകളിൽ അടുത്തിടെ ഉണ്ടായ വർധന കുവൈത്തിലും പ്രകടമായിട്ടുണ്ട് എന്നാൽ ഇതിൽ യാതൊരുവിധ ആശങ്കയും ഇല്ലെന്നും രാജ്യത്തെ ആരോഗ്യ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആവർത്തിച്ചിരിക്കുകയാണ് ആരോഗ്യ്രമന്ത്രാലയം. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗി പോലും ഇല്ലെന്നും ഏപ്രിൽ മാസത്തിലാണ് അവസാനമായി കോവിഡ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ ഓരോ ചലനവും കുവൈത്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സമ്പർക്ക കേസുകൾ വേഗത്തിൽ നിരീക്ഷിക്കുന്നതിന് മന്ത്രാലയം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരെ വേഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനും വ്യാപനം കുറക്കുന്നതിനും ഇതുമൂലം സാധിക്കുന്നതായും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. അതിനിടെ ഈ വർഷം ആദ്യ നാലുമാസത്തിനിടെ രാജ്യത്ത് 93 പേർക്ക് വിവിധ പകർച്ചവ്യാധികൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ സാമൂഹികാരോഗ്യ വിഭാഗം ഉപമേധാവി ഡോ. ഹസ്സൻ അൽ അവാദി അറിയിച്ചു. വിവാഹ പൂർവ വൈദ്യപരിശോധനക്ക് രജിസ്റ്റർ ചെയ്തവരിലാണ് രോഗം കണ്ടെത്തിയത്. 26 ഹെപ്പറ്റൈറ്റിസ് ബി, ഏഴ് ഹെപ്പറ്റൈറ്റിസ് സി, 57 സിഫിലിസ്, 3 എച്ച്‌ഐവി എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ 960 വിദേശികൾ ഉൾപ്പെടെ 9,186 പേർ പ്രീ മാരിറ്റൽ മെഡിക്കൽ ടെസ്റ്റിന് വിധേയരായതായും സാമൂഹികാരോഗ്യവിഭാഗം അറിയിച്ചു.