കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം ആരംഭിച്ചു; അഹമ്മദ് അൽ സദൂൻ സ്പീക്കർ
ജനങ്ങളുടെ ആശയും അഭിലാഷവും നിറവേറ്റുന്നതിനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർലമെന്റ് അംഗങ്ങളോട് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും അറുതി കുറിച്ച് പതിനേഴാമത് കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം ആരംഭിച്ചു. പ്രഥമ സെഷൻ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ആശയും അഭിലാഷവും നിറവേറ്റുന്നതിനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർലമെന്റ് അംഗങ്ങളോട് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആഹ്വാനം ചെയ്തു. രാജ്യത്ത് ന്യായമായും തുല്യമായും നിയമം പ്രയോഗിക്കണം അതോടൊപ്പം സുതാര്യത ആയിരിക്കണം മുഖമുദ്രയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയെ നേരിടാനും അഴിമതിക്കാരെ അടിച്ചമർത്താനും സർക്കാരിന് കഴിയണം. പരസ്പര ബഹുമാനത്തോടെയും സമവായത്തോടെയും പ്രവർത്തിക്കാൻ പാർലമെന്റിനോടും സർക്കാരിനോടും ശൈഖ് മിശ്അൽ നിർദേശിച്ചു.
പാർലിമെന്റിൽ നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ അഹമ്മദ് അൽ സദൂൻ വിജയിച്ചു. 88 കാരനായ അഹമ്മദ് അൽ സദൂനെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. ഇത് അഞ്ചാം തവണയാണ് ദേശീയ അസംബ്ലി സ്പീക്കറായി ചുമതലയേൽക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഹസൻ ജൗഹറിനെ പരാജയപ്പെടടുത്തി മുഹമ്മദ് അൽ മുതൈർ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പുതിയ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.