കുവൈത്തിലെ മാളുകളിലും വാക്‌സിനേഷന്‍ കാമ്പെയ്നുകള്‍ പുനരാരംഭിക്കുന്നു
പള്ളികളിലെയും ചില സഹകരണ സംഘങ്ങളിലെയും തൊഴിലാളികള്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വാക്‌സിനേഷന്‍ കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി: രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ഒരു പരിതി വരെ പൂര്‍ത്തിയാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മൊബൈല്‍ ഫീല്‍ഡ് വാക്‌സിനേഷന്‍ കാമ്പെയ്‌നുകള്‍ ചെറിയ ഇടവേളയ്ക്കു ശേഷം കുവൈത്തിലെ മാളുകളടക്കമുള്ള പല സുപ്രധാന മേഖലകളിലും പുനരാരംഭിക്കുന്നു.
പള്ളികളിലെയും ചില സഹകരണ സംഘങ്ങളിലെയും തൊഴിലാളികള്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വാക്‌സിനേഷന്‍ ക്യാമ്പയ്‌നുകള്‍ ആരംഭിച്ചിട്ടുണ്ട്.
കുവൈത്തിലുടനീളം ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ മസ്ജിദ് മേഖലയിലെ 6,000 സ്ത്രീ-പുരുഷ ജീവനക്കാര്‍ക്ക് മൂന്നാം ഡോസ് കുത്തിവയ്പ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ വാക്‌സിനേഷന്‍ കാമ്പെയ്‌നുകള്‍ വീണ്ടും ആരംഭിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഫീല്‍ഡ് കാമ്പെയ്ന്‍സ് ടീം മേധാവി ഡോ. ദിന അല്‍ ദുബൈബ് പറഞ്ഞു. രാജ്യത്തെ എല്ലാ മേഖലകളിലും ഫീല്‍ഡ് കാമ്പെയ്നുകള്‍ നടത്തുന്നുണ്ട്.
സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് വൈകുന്നേരങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാറുണ്ടെന്നും തയ്യാറാക്കിയ പദ്ധതി പ്രകാരം രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അവരുടെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ അവകാശപ്പെട്ടു. അതിനുശേഷമായിരിക്കും മാളുകളിലും മറ്റു സുപ്രധാന ഇടങ്ങളിലും ക്യാമ്പയ്‌നുകള്‍ സംഘടിപ്പിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ ലേബര്‍ ക്യാമ്പുകളിലും വര്‍ക്ക് സൈറ്റുകളിലും 7 ഘട്ടങ്ങളായി നടത്തിയ ഫീല്‍ഡ് കാമ്പെയ്നുകളില്‍ 270,000 ഡോസ് വാക്‌സിനുകളാണ് നല്‍കാന്‍ സാധിച്ചിട്ടുള്ളത്. അതില്‍ ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും ഉള്‍പ്പെടുമെന്നും അവര്‍ പറഞ്ഞു.