വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താനാണു നീക്കം . 2022 മാർച്ച് 31 നുള്ളിൽ പരിശോധനനടപടികൾ പൂർത്തിയാകും.

Update: 2021-12-15 22:02 GMT
Editor : abs | By : Web Desk
Advertising

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ ഫൈസൽ അൽ നവാഫ് അസ്വബാഹ് ഉത്തരവിട്ടു . നിലവിലെ ലൈസന്സുകളുടെ വെരിഫിക്കേഷൻ നടപടികളുടെ ഭാഗമായാണ് ലൈസൻസ് വിതരണം നിർത്തിയത്. 

രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കാൻ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ ഉത്തരവ്. നിലവിൽ ഏഴ് ലക്ഷത്തിലധികം വിദേശികൾക്ക് കുവൈത്ത് ഡ്രൈവിങ് ലൈസൻസുണ്ട്. ഇതിൽ രണ്ടര ലക്ഷത്തോളം പേർ ലൈസൻസിനുള്ള നിശ്ചിത അർഹത മാനദണ്ഡങ്ങൾ പുലർത്തുന്നില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മ സമഗ്ര പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ലൈസൻസ് നടപടികൾ നിർത്തിവെച്ചത്.

പരിശോധന ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് വിവരം. എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താനാണു നീക്കം. 2022 മാർച്ച് 31നുള്ളിൽ പരിശോധനനടപടികൾ പൂർത്തിയാകും. തസ്തിക മാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ലൈസൻസിനുള്ള അർഹത പരിധിക്ക് പുറത്തായവർ പ്രവാസം അവസാനിപ്പിച്ചു മടങ്ങിയവർ നാട്ടിൽ കുടുങ്ങിയത് മൂലം ഇഖാമകാലാവധി കഴിഞ്ഞവർ എന്നിവർക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും.

600 ദിനാർ മിനിമം ശമ്പളം, സർവകലാശാലാ ബിരുദം, രണ്ട് വർഷത്തിൽ കുറയാതെ കുവൈത്തിൽ സ്ഥിര താമസം എന്നിവയാണ് വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രധാനം മാനദണ്ഡങ്ങൾ.ഡ്രൈവർ പി ആർ ഒ തസ്തികകളിൽ ഉള്ളവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്. എന്നാൽ തസ്തിക മാറിയാൽ ഇവരും ലൈസൻസ് തിരിച്ചു നൽകണമെന്നാണ് വ്യവസ്ഥ. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News