കുവൈത്ത് തീപിടിത്തം: പരിക്കേറ്റ ജീവനക്കാർക്ക് അടിയന്തര ധനസഹായം നൽകി എൻ.ബി.ടി.സി മാനേജ്‌മെന്റ്
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്ക് ആയിരം ദിനാറാണ് അടിയന്തര ധനസഹായമായി നൽകിയത്
കുവൈത്ത് സിറ്റി : കുവൈത്ത് മൻഗഫിലെ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാർക്ക് അടിയന്തര ധനസഹായമായി ആയിരം കുവൈത്ത് ദിനാർ വിതരണം ചെയ്തതായി എൻ.ബി.ടി.സി മാനേജ്‌മെന്റ് അറിയിച്ചു. ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് അടിയന്തര ധനസഹായം വിതരണം ചെയ്തത്. ഇതിൽ 54 ജീവനക്കാർ ഇന്ത്യക്കാരാണ്.
കൂടാതെ പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കായി ഒരു പ്രത്യേക പഠന സ്‌കോളർഷിപ്പ് പദ്ധതിയും എൻ.ബി.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരുടെ 10 കുടുംബാംഗങ്ങളെ നേരത്തെ എൻ.ബി.ടി.സി അധികൃതർ കുവൈത്തിൽ എത്തിച്ചിരുന്നു. നിലവിൽ രണ്ട് ജീവനക്കാർ മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കിയെല്ലാവരെയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ചികിത്സയിലുള്ള രണ്ട് പേരെയും ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി വാർത്താകുറിപ്പിലൂടെ അറിയിച്ചു.