ചോദ്യപേപ്പർ ചോർന്ന സംഭവം; കർശന നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
അറസ്റ്റു ചെയ്ത അഞ്ച് പ്രവാസി അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചോദ്യപേപ്പർ ചോര്‍ന്ന സംഭവത്തിൽ കർശന നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. അനധികൃതമായി സ്വത്ത് സമ്പാദിച്ച ജീവനക്കാര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കും.
ചോദ്യപേപ്പർ ചോര്‍ന്ന സംഭവത്തിൽ പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം മരവിപ്പിച്ചു. അറസ്റ്റു ചെയ്ത അഞ്ച് പ്രവാസി അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഹൈസ്കൂൾ, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യ പേപ്പറാണ് ചോര്‍ത്തി നല്‍കിയത്. പരീക്ഷകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി പ്രതികള്‍ വാട്ട്‌സ് ആപ്പ് വഴി ചോദ്യങ്ങള്‍ പങ്ക് വെക്കുവെക്കുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതിനുള്ള പ്രതിഫലം പെയ്മെന്റ് ലിങ്ക് വഴിയായിരുന്നു വിദ്യാർത്ഥികൾ കൈമാറിയിരുന്നത്. അധ്യാപകര്‍ നേതൃത്വം നല്‍കിയ വാട്സാപ്പ് ഗ്രൂപ്പില്‍ വിദ്യാര്‍ഥികളെ ചേർക്കാന്‍ നൂറ് മുതല്‍ 150 ദിനാര്‍ വരെയായിരുന്നു ഈടാക്കിയിരുന്നത്. സംഭവത്തെ കുറിച്ച് സൂചന ലഭിച്ചതോടെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ അധ്യാപകര്‍ ഉള്‍പ്പടെയുള്ള വന്‍ സംഘം പിടിയിലായി. നിരവധി വര്‍ഷങ്ങളായി നടന്നുവരുന്ന ചോദ്യപേപ്പർ ചോര്‍ത്തലില്‍ നിന്നും പ്രതികൾ മൂന്ന് മില്യൺ ദിനാറിലേറെ സമ്പാദിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
കേസില്‍ പ്രധാന പ്രതികളായ മൂന്നു സ്വദേശികളേയും ഒരു പ്രവാസിയേയും പിടികൂടാനുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നാലു വനിതകൾ അടക്കം 14 പുതിയ പ്രതികളെ ജയിലിൽ അടയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ദിവസങ്ങൾക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷപേപ്പർ ചോർച്ചയെക്കുറിച്ച് നിരവധി വിദ്യാർത്ഥികളും മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ പരീക്ഷയിൽ കോപ്പിയടിക്കുന്നതിനും മറ്റും വിദ്യാർത്ഥികളെ സഹായിച്ചാൽ അധ്യാപകർക്ക് കനത്ത നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.