വിസ തട്ടിപ്പ്; കുവൈത്തിൽ അഞ്ച് പേർ അറസ്റ്റിൽ
ഒരു വിസക്ക് 800 ദീനാർ മുതൽ 1300 ദീനാർ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്മെന്റ്സ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവസ്റ്റിഗേഷൻസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുവൈത്ത് പൗരന്മാരുമായി സഹകരിച്ച് 800 മുതൽ 1300 ദീനാർ വരെയുള്ള നിരക്കിൽ പ്രവാസി തൊഴിൽ വിസകൾ സ്പോൺസർ ചെയ്യുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കുവൈത്ത് പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികൾ രാജ്യത്ത് ശക്തമാണ്. നിയമലംഘനങ്ങൾക്കെതിരെ ജാഗ്രത തുടരുന്നതായും നിഷ്പക്ഷമായി നിയമം നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികൾക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അന്വേഷണസംഘം അറിയിച്ചു.