മീഡിയവൺ ലിറ്റിൽ സ്‌കോളർ; ഹാൾ ടിക്കറ്റ് വിതരണം ആരംഭിച്ചു
ബഹ്‌റൈൻ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലും നാളെ വൈകിട്ട് ഓൺലൈനിലാണ് പരീക്ഷ
മലയാളി വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്‌കോളറിന്റെ പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തിൽ അര ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും
ബഹ്‌റൈൻ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലും നാളെ വൈകിട്ട് ഓൺലൈനിലാണ് പരീക്ഷ. കേരളം, ഡൽഹി, ചെന്നൈ, ആൻഡമാൻ എന്നിവിടങ്ങളിലെ ഇരിന്നൂറിലധികം സെന്ററുകളിൽ ജനുവരി 20 ന് പരീക്ഷ നടക്കും.
രജിസ്റ്റർ സമയത്ത് ക്രിയേറ്റ് ചെയ്ത ലോഗിൻ ഐ.ഡി ഉപയോഗിച്ചോ / ഫോൺ നമ്പർ , ജനന തീയ്യതി ഉപയോഗിച്ചോ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭ്യമാണ്. കേരളത്തിലെയും ചെന്നൈയിലുമുള്ള വിദ്യാർഥികൾക്ക് എക്‌സാം സെന്റർ മാറാനുള്ള ഓപ്ഷൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. ഈ അവസരം ജനുവരി 13 ശനി വരെ മാത്രമാണ് ലഭിക്കുക.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്ത് ലിറ്റിൽ സ്‌കോളർ ഉദ്ഘാടനം ചെയ്തത്. റോബോട്ട്, ഐ.മാക്, ഗോൾഡ് മെഡൽ ഉൾപ്പെടെ 40 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ലിറ്റിൽ സ്‌കോളർ ഗ്രാന്റ ഫിനാലെ മീഡിയവൺ സംപ്രേഷണം ചെയ്യും. എയ്ഗൺ ലേണിങ്ങാണ് പരിപാടിയുടെ ടൈറ്റിൽ സ്‌പോൺസർ.