ചികിത്സ വീട്ടുപടിക്കലേക്ക്; മൊബൈൽ ക്ലിനിക്കുമായി അബൂദബി
അബൂദബിയിലെ ആരോഗ്യവിഭാഗമായ സേഹയുടെ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസാണ് മൊബൈൽ ക്ലിനിക്കുകൾക്ക് തുടക്കമിട്ടത്.
അബൂദബിയിൽ ഇനി ചികിത്സ വീട്ടുപടിക്കലെത്തും. ഫോണിൽ വിളിച്ച് ബുക്ക് ചെയ്താൽ മൊബൈൽ ക്ലിനിക്ക് സംവിധാനം വീട്ടിലെത്തും. ചികിത്സാ സൗകര്യങ്ങൾ മുതൽ ലാബ് സംവിധാനങ്ങൾ വരെ ഈ സഞ്ചരിക്കുന്ന ക്ലിനിക്കിലുണ്ടാകും.
അബൂദബിയിലെ ആരോഗ്യവിഭാഗമായ സേഹയുടെ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസാണ് മൊബൈൽ ക്ലിനിക്കുകൾക്ക് തുടക്കമിട്ടത്. പല കാരണങ്ങളാൽ ആശുപത്രിയിലെത്താൻ കഴിയാത്തവരേയും സ്വകാര്യതമാനിച്ച് ചികിത്സ തേടാൻ മടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് മൊബൈൽ ക്ലിനിക്ക് എന്ന സംവിധാനമെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. നൂറ അൽ ഗൈതി പറഞ്ഞു.
രോഗചികിത്സ, പ്രതിരോധ ചികിൽസ, കൺസൾട്ടേഷൻ, ലാബ് തുടങ്ങിയവയെല്ലാം മൊബൈൽ ക്ലിനിക്കിൽ സംവിധാനിച്ചിട്ടുണ്ട്. ഇസിജി, അൾട്രാസൗണ്ട്, ഹൃദ്രോഗ പരിശോധന, കേൾവി പരിശോധന, ഫിസിയോതെറാപ്പി, വാക്സിനേഷൻ തുടങ്ങിയ സേവനങ്ങൾ മൊബൈൽ ക്ലിനിക്ക് നൽകും. രാവിലെ എട്ടുമുതൽ രാത്രി 10 വരെ മൊബൈൽ ക്ലിനിക് പ്രവർത്തിക്കും.
മുപ്പതോളം ഇൻഷുറൻസ് കമ്പനികളുടെ കാർഡുകൾ ക്ലിനിക്കിൽ സ്വീകരിക്കും. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുമെന്നും അധികൃതർ അറിയിച്ചു. 027113737 എന്ന നമ്പരിൽ വിളിച്ച് മൊബൈൽ ക്ലിനിക്കിന്റെ സേവനം ബുക്ക് ചെയ്യാവുന്നതാണ്.