ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ പിഴയില്‍ ഇളവില്ല; സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് പിഴയില്‍ ഇളവ് നേടാം
സാധാരണ നിലയില്‍ രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചാല്‍ ഇളവ് നല്‍കാറുണ്ട്
ദോഹ: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴയില്‍ ഇളവ് ലഭിക്കില്ലെന്ന് ഖത്തര്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്. 500 ഖത്തര്‍ റിയാലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിഴ. ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് റഡാറുകള്‍ വഴി ഇന്നലെ മുതല്‍ പിഴ ഈടാക്കിത്തുടങ്ങിയിരുന്നു.
സാധാരണ നിലയില്‍ രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചാല്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യാമറയില്‍ പതിഞ്ഞാല്‍ ഇളവ് ലഭിക്കില്ലെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. അമിത വേഗതയും സീറ്റ് ബെല്‍റ്റുമാണ് റഡാര്‍ ക്യാമറയില്‍ പതിയുന്ന മറ്റു നിയമലംഘനങ്ങള്‍.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് പിഴയില്‍ ഇളവിന് അവസരമുണ്ട്. നിയമലംഘനത്തിന്റെ അറിയിപ്പ് ലഭിച്ച് ഒരുമാസത്തിനകം പിഴയൊടുക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.മൊബൈല്‍ ഉപയോഗം നിരത്തിലെ സുരക്ഷയെ അതീവ ഗൌരവമായി ബാധിക്കുന്നതിനാലാണ് ഇളവ് നല്‍കാത്തതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി.