ആഗോള വിപണിയില്‍ എണ്ണവില കുറയുന്നു; പക്ഷെ ഇന്ത്യയില്‍?

ഉല്‍പാദനം ഉയര്‍ത്താനുള്ള ഒപെക് തീരുമാനത്തിന് പിന്നാലെയാണ് ആഗോള വിപണിയില്‍ എണ്ണവില കുറയുന്നത്

Update: 2021-07-22 01:55 GMT
Advertising

ഉല്‍പാദനം ഉയര്‍ത്താനുള്ള ഒപെക് തീരുമാനം വന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുറയുന്നു. ബാരലിന് 76 വരെ ഉയര്‍ന്ന എണ്ണവില 70 ഡോളറിനും താഴെയായി. ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നിരക്കിളവ്. എന്നാല്‍ ഇന്ത്യയില്‍ എണ്ണവില ഇനിയും കുറയാത്ത സാഹചര്യമാണുള്ളത്.

ആഴ്ചകള്‍ നീണ്ട അനിശ്ചിതാവസ്ഥക്ക് പരിഹാരമായി കഴിഞ്ഞ ദിവസമാണ് പെട്രോളിയം ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള കൂട്ടായ തീരുമാനം ഒപെക് കൈക്കൊണ്ടത്. ആഗോള ക്രൂഡോയിന്റെ 29 ശതമാനവും ഉല്‍പാദിപ്പിക്കുന്ന 13 രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്. ആഗസ്റ്റ് മുതല്‍ പ്രതിദിന പെട്രോളിയം ഉല്‍പാദനം 4,00,000 ബാരലായി ഉയര്‍ത്താനാണ് ഒപെക് തീരുമാനം. നേരത്തെ വെട്ടിക്കുറച്ച ഉല്‍പാദനമാണ് പുനഃസ്ഥാപിക്കുന്നത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ വലിയ ഇടിവ് തുടരുകയാണ്.

ബാരലിന് ബ്രെന്റ് ക്രൂഡ് ഓയിലിന്‍റെ വില 68.62 ഡോളര്‍ വരെ കുറഞ്ഞു. ബാരലിന് എണ്ണവില 65 ഡോളറിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതേസമയം വിയന്ന ചര്‍ച്ചയിലൂടെ ഇറാനുമായി വന്‍ശക്തി രാജ്യങ്ങള്‍ ധാരണയിലെത്തിയാല്‍ വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്ന സാഹചര്യമുണ്ടാകും. ഇതോടെ ആഗോളവിപണിയില്‍ എണ്ണവില വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.

ഒപെക് തീരുമാനം ഇന്ത്യ ഉള്‍പ്പെടെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളൊക്കെയും സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ അതിന്റെ ആനൂകുല്യം ലഭ്യമാക്കാന്‍ കമ്പനികള്‍ വിസമ്മതിക്കുന്നതായാണ് പരാതി.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News