ഒമാൻ-യു.എ.ഇ ബസ് സർവീസ് വീണ്ടും; അബൂദബിയിലേക്കാണ് സർവീസ്
അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ് സർവീസ്
ദുബൈ: ഒമാനിൽ നിന്ന് യു.എ.ഇയിലേക്കുള്ള മുവാസലാത്ത് ബസ് സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതലാണ് സർവീസ്. അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ് സർവിസ്.
വൺവേ ടിക്കറ്റ് നിരക്ക് 11.5 ഒമാനി റിയാൽ ആയിരിക്കും. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒരു മണിയോടെ അൽഐനിലും വൈകീട്ട് 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽ നിന്ന് രാവിലെ 10.40ന് ബസ് പുറപ്പെടും. രാത്രി 8.35ന് മസ്‌കത്തിൽ എത്തും.
കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവിസുകൾ മുവാസലാത്ത് നിർത്തിവെച്ചിരുന്നു. അതാണ് ഇപ്പോൾ പുനഃരാരംഭിക്കുന്നത്. മസ്കത്തിലേക്ക് സ്ഥിര യാത്ര ചെയ്യുന്ന വ്യാപാരികൾക്കും മറ്റും തീരുമാനം പ്രയോജനം ചെയ്യും. അബൂദബിയിൽ നിന്ന് അഞ്ചു മണിക്കൂറാണ് മസ്കത്തിലേക്കുള്ള യാത്ര സമയം. എമിഗ്രഷൻ ക്ലിയറൻസ് പൂർത്തീകരിക്കാൻ എടുക്കുന്ന സമയം ഉൾപ്പെടെ ആറു മണിക്കൂറിനുള്ളിൽ മസ്കത്തിലെത്താൻ സാധിക്കും. ദുബൈയിൽ നിന്ന് ഒമാനിലേക്ക് 450 ദിർഹം മുതലാണ് നിലവിലെ വിമാന ടിക്കറ്റ് നിരക്ക്.