പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ; മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയത്
മസ്‌കത്ത്: പൊതു ഇടങ്ങളിലും ടൂറിസം സ്ഥലങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ഈടാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകളാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ഈടാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
നഗരങ്ങളിലും മറ്റും മാലിന്യ പെട്ടികൾക്ക് പുറത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പ്രവണതയും വർധിക്കുന്നുണ്ട്. നഗര ശുചിത്വം കാത്ത് സൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കായിരുന്നു ഭുഗർഭ മാലിന്യ പെട്ടികൾക്കുള്ളത്. എന്നാൽ, അടുത്ത കാലത്തായി മാലിന്യങ്ങൾ പെട്ടിക്ക് പുറത്ത് നിക്ഷേപിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. താമസക്കാരും മറ്റും പെട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പകരം മാലിന്യങ്ങൾ പെട്ടിക്ക് പുറത്ത് നിക്ഷേപിക്കുന്നത് ഗുരുതരമായ ശുചിത്വ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.