27ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം: 32 രാജ്യങ്ങളിൽ നിന്നായി 826 പ്രസാധകർ
മാർച്ച് നാലുവരെ നടക്കുന്ന മേളയിൽ നാളെ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും
വായനയുടെ വസന്തം വിരിയിച്ച് 27ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഇംഗ്ലീഷ്,അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് വായനകാർക്കായി ഒരുക്കിയിരിക്കുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി പുസ്തകമേള ഉദ്ഘാടനം ചെയ്തു.ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹർറാസി, മറ്റു ഉന്നത ഉദ്യോഗസ്ഥർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
മാർച്ച് നാലുവരെ നടക്കുന്ന മേളയിൽ നാളെ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഫെബ്രുവരി 23, 27, മാർച്ച് ഒന്ന് ദിവസങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾക്കും 26,28, മാർച്ച് രണ്ട് തീയതികളിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും മാത്രമായിരിക്കും പ്രവേശനം. രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടുമണിവരെ ഈ വിഭാഗത്തിൽപെടുന്നവർക്ക് സ്റ്റാളുകൾ സന്ദർശിക്കാം. ഈ ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മണിമുതൽ രാത്രി പത്തുമണിവരെ മറ്റുള്ളവർക്കും സ്റ്റാളുകൾ സന്ദർശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.