എയർ ഇന്ത്യ മസ്‌കത്ത്-ഡൽഹി വിമാന സർവീസുകൾ നിർത്തലാക്കുന്നു
മസ്‌കത്ത്- ഡൽഹി സെക്ടറിലെ എയർ ഇന്ത്യയുടെ അവസാന വിമാനം ഈ മാസം 29നായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു
മസ്‌കത്ത്: എയർ ഇന്ത്യ മസ്‌കത്ത്-ഡൽഹി വിമാന സർവീസുകൾ നിർത്തലാക്കുന്നു. മസ്‌കത്ത്- ഡൽഹി സെക്ടറിലെ എയർ ഇന്ത്യയുടെ അവസാന വിമാനം ഈ മാസം 29നായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ മസ്‌കത്ത്-ഡൽഹി സെക്ടറിൽ ഈ മാസം 29 ന് ശേഷം സർവീസുകൾ കാണിക്കുന്നില്ല. ഈ മാസം 29ന് മസ്‌കത്തിൽ നിന്ന് രാത്രി 10.35ന് പുറപ്പെട്ട് പുലർച്ചെ 3.10ന് ഡൽഹിയിൽ എത്തുകയും ഡൽഹിയിൽ നിന്ന് വൈകുന്നേരം 7.45ന് പുറപ്പെട്ട് രാത്രി 9.35 ന് മസ്‌കത്തിൽ എത്തുന്ന വിമാനം റദ്ദ് ചെയ്തതായാണ് അറിയിപ്പിൽ പറയുന്നത്.
യാത്രക്കാർക്ക് മുഴുവൻ പണവും തിരച്ച് വാങ്ങാമെന്നും മുബൈ വഴി ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിലോ എയർ ഏഷ്യയിലാ, എയർ വിസ്താരയിലോ യാതൊരു അധിക ചെലവും ഇല്ലാതെ ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാമെന്നും അറിയിപ്പിലുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യുന്നവർക്കാണ് അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റി ബുക് ചെയ്യാൻ കഴിയുക. നേരത്തെ എയർ ഇന്ത്യ സർവിസ് നടത്തിയിരുന്ന മസ്‌കത്ത്-മുംബൈ സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീവിസുകൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ സർവീസ് നടത്തിയിരുന്ന മസ്‌കത്ത്-ബാംഗളുരു സെക്ടറിലും സമാനമായ അവസ്ഥയാണുള്ളത്. എയർ ഇന്ത്യയുടെ ഡൽഹി സർവിസ് നിലക്കുന്നതോടെ മുബൈയിലേക്കും ബംഗളൂരുവിലേക്കും ഡൽഹി വഴി നടത്തുന്ന സർവിസുകളും ഇല്ലാതാകും. എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഈ മാസം 29 ന് ശേഷം ബംഗളൂരുവിലേക്കും സർവിസില്ല എന്നാണ് കാണിക്കുന്നത്.