ഒമാനിലും വരുന്നു ആപ്പിൾ പേ

സെൻട്രൽ ബാങ്ക് ഓഫ് ഒമാനും രാജ്യത്തെ പ്രധാന ബാങ്കുകളും സ്ഥിരീകരിച്ചു

Update: 2024-05-29 09:41 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഏറെ നാളായി കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ഈ വരുന്ന വേനൽക്കാലത്ത് ഒമാനിലും ആരംഭിക്കുമെന്ന് ബാങ്കിംഗ് രംഗത്തെ വൃത്തങ്ങൾ ഒമാൻ ഒബ്‌സർവറിനോട് പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇതിനകം നിലവിലുള്ള ആപ്പിൾ പേ ഉപയോഗിച്ച് ഫോണിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വെബ്‌സൈറ്റുകളിലും പെയ്മന്റ് സേവനം നൽകുന്നുണ്ട്. കോമെക്‌സ് 2024ൽ സംസാരിച്ച സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ഉദ്യോഗസ്ഥൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ ആപ്പിൾ പേ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു. പ്രധാന ബാങ്കുകളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഫോൺ ഉപയോഗിക്കുന്നവർക്ക്, കാർഡ് സൈ്വപ്പ് ചെയ്യുന്നതിന് പകരം ആപ്പിൾ പേ ഉപയോഗിക്കാം. കഴിഞ്ഞ വർഷം, സിബിഒ ബാങ്കുകൾക്കും പേയ്മെന്റ് സേവന ദാതാക്കൾക്കും കാർഡ് ടോക്കണൈസേഷൻ സേവനം നൽകുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ നിലവിലെ രീതിയിലുള്ള കാർഡ് അടിസ്ഥാനമാക്കുള്ള പെയ്‌മെന്റുകൾക്ക് പകരം ടോക്കൺ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതമായ രീതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബാങ്കുകളും പെയ്‌മെന്റ് സേവന ദാതാക്കളും ഇതിനായി സജ്ജമാകുന്നതനുസരിച്ച് സേവനം നടപ്പാക്കും. ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ പെയ്‌മെന്റ് കാർഡുകൾ രജിസ്റ്റർ ചെയ്യാനും ഒമാനിൽ ലഭ്യമായ പ്രാദേശിക, അന്താരാഷ്ട്ര ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങളിലൂടെ (ആപ്പിൾ പേ, സാംസങ് പേ ) കോൺടാക്റ്റ്ലെസ് രീതിയിൽ പെയ്‌മെന്റ് നടത്താനും സാധിക്കും. ഈ സേവനം ഉപയോഗിക്കുന്നതിന് യാതൊരു നിരക്കും ഈടാക്കുന്നില്ല.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News