ഒമാനിലെ ദോഫാറിലും വടക്കൻ ഗവർണറേറ്റുകളിലും ഇന്ന് മുതൽ മെയ് നാല് വരെ മഴക്ക് സാധ്യത

വ്യാഴാഴ്ച മഴ 30 മുതൽ 80 മില്ലിമീറ്റർ വരെയാകുമെന്നും കാലാവസ്ഥാ പ്രവചനം

Update: 2024-04-30 11:26 GMT
Advertising

മസ്‌കത്ത്: ഒമാനിലെ ദോഫാറിലും വടക്കൻ ഗവർണറേറ്റുകളിലും ഇന്ന് മുതൽ മെയ് നാല് വരെ മഴക്ക് സാധ്യത. ദോഫാർ ഗവർണറേറ്റിന്റെ അന്തരീക്ഷത്തെ മേഘപ്രവാഹം ഇന്ന് രാത്രി മുതൽ ശനിയാഴ്ച വരെ ബാധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങളും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിശകലനവും മുന്നറിയിപ്പ് നൽകുന്നത്. ഇത് വിവിധ തീവ്രതയുള്ള ചിതറിയ മഴക്ക് കാരണമാകും. വ്യാഴാഴ്ച മഴയുടെ അളവ് 30 മുതൽ 80 മില്ലിമീറ്റർ വരെയാകുമെന്നും വാദികൾ ഒഴുകുമെന്നുമാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്.

അതേസമയം, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ന്യൂനമർദം ഒമാനെ ബാധിക്കും. വ്യാഴാഴ്ച പകൽ സമയത്ത് ക്യുമുലസ് മേഘങ്ങൾ അൽ ബുറൈമി, മുസന്ദം, ദാഹിറ, ദാഖിലിയ, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലൂടെയും പിന്നീട് വൈകുന്നേരം നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ വരെയും ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണിത്. 20-60 മില്ലിമീറ്റർ വരെ തീവ്രതയുള്ള മഴയും പ്രതീക്ഷപ്പെടുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News