ഗ്യാസ് സിലിണ്ടറിന് ഉപഭോക്താക്കൾ ഇൻഷുറൻസ് ഫീസ് നൽകണം: ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം
തീരുമാനം ഡിസംബർ ആറു മുതൽ പ്രാബല്യത്തിൽ
മസ്‌കത്ത്: ഒമാനിൽ ഈവർഷം ഡിസംബർ മുതൽ ഉപഭോക്താക്കൾ പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് നൽകണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചു. തീരുമാനം ഡിസംബർ ആറു മുതൽ പ്രാബല്യത്തിൽ വരും.
സിലിണ്ടറിന്റെ തരം, ശേഷി, വലിപ്പം എന്നിവ അനുസരിച്ചായിരിക്കും ഉപഭോക്താക്കൾ ഇൻഷുറൻസ് തുകയായി നൽകേണ്ടത്. അഞ്ചിനും 30റിയാലിനും ഇടയലായിരിക്കും ഇൻഷുറൻസ് തുക. സിലിണ്ടർ തിരിച്ച് കൊടുക്കുമ്പോൾ ഉപഭോക്താവിന് ഇൻഷുറൻസ് തുക വീണ്ടെടുക്കാൻ കഴിയും. എന്നാൽ സിലിണ്ടർ നഷ്ടപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ഇൻഷൂറൻസ് തുക തിരികെ ലഭിക്കില്ല.
എൽ.പി.ജി സിലിണ്ടറുകൾ നിറക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നിർബന്ധമാണ്. നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി മന്ത്രാലയം നിരീക്ഷിക്കും. ലഘനം കണ്ടെത്തിയാൽ പിഴ, ലൈസൻസ് സസ്‌പെൻഷൻ, റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള നടപടികൾ എടുക്കും. രേഖാമൂലമുള്ള മുന്നറിയിപ്പുകൾ മുതൽ 1,000 റിയാലിൽ കവിയാത്ത പിഴകൾ വരെ ചുമത്തും. ക്രമക്കേടുകളോ തെറ്റുകൾ ആവർത്തിച്ചാലോ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.