തഖാ വാട്ടർഫ്രണ്ട് വികസന പദ്ധതി പ്രഖ്യാപിച്ച് ദോഫാർ മുനിസിപാലിറ്റി
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസന പ്രവർത്തനങ്ങൾ
മസ്‌കത്ത്: തഖാ വാട്ടർഫ്രണ്ട് വികസന പദ്ധതി പ്രഖ്യാപിച്ച് ദോഫാർ മുനിസിപാലിറ്റി. വിലായത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വ്യാപകമായ ശ്രമത്തിന്റെ ഭാഗമായാണ് വികസന പദ്ധതി പ്രഖ്യാപിച്ചത്. 2,973 മീറ്റർ നീളത്തിൽ 92,650 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് പദ്ധതി. താമസക്കാർക്കും, സഞ്ചാരികളും ഉൾപ്പെടെ എല്ലാവർക്കും വേണ്ടി രൂപകൽപ്പന ചെയ്ത വിവിധ സൗകര്യങ്ങൾ വികസനത്തിൽ കൊണ്ട് വരും.
ആസൂത്രണം ചെയ്ത സൗകര്യങ്ങളിൽ കടൽ കാഴ്ചയുള്ള റെസ്റ്റോറന്റുകൾ, ഒരു ഭരണ കാര്യാലയം, ഒരു നടപ്പാത, ഒരു പ്രത്യേക സൈക്കിൾ പാത എന്നിവ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഇരിക്കാനുള്ള സ്ഥലങ്ങൾ, കുട്ടികൾക്കുള്ള പ്ലേഗ്രൗണ്ടുകൾ, കായിക ഉപകരണങ്ങൾ, 350 മരങ്ങളുള്ള ഹരിത ഇടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം ഊർജ്ജസ്വലവും സ്വാഗതാർഹവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യും. വാട്ടർഫ്രണ്ടിൽ ഫൗണ്ടനുകളും ശില്പങ്ങളും ഉള്ള പൊതു സ്‌ക്വയറുകളും സന്ദർശകർക്ക് തണലുള്ള ഇരിപ്പിടങ്ങളും ഉൾപ്പെടും. പദ്ധതിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ടോയ്ലറ്റുകൾ, പ്രാർഥന സ്ഥലങ്ങൾ എന്നിവയുമുണ്ടാകും.
വികസനം തഖാ വാട്ടർഫ്രണ്ടിനെ ഒരു പ്രധാന ആകർഷണമാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഗവർണറേറ്റിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദോഫാർ മുനിസിപ്പാലിറ്റിയുടെ വ്യാപകമായ ലക്ഷ്യങ്ങളുമായി പദ്ധതി പൊരുത്തപ്പെടുന്നു.