'നയതന്ത്ര ബന്ധം മെച്ചപ്പെടുത്തണം'; ഇറാൻ പ്രസിഡന്റ് ഒമാനിൽ
ഇരുരാജ്യവും വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും കൂടുതൽ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു
ഇറാൻ പ്രസിഡന്റ് ഇബ്രാഹീം അൽ റൈസിയുടെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന് തുടക്കമായി. ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഇറാൻ പ്രസിഡന്റിന് ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഒമാനിലെ അൽആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായും ഇറാൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു. വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും കൂടുതൽ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. എണ്ണ-പ്രകൃതി വാതകം, ഗതാഗതം, ഉന്നത വിദ്യാഭ്യാസം-ഗവേഷണം, കൃഷി-കന്നുകാലി-മത്സ്യബന്ധനം, സസ്യ സംരക്ഷണം, നയതന്ത്ര പഠനം-പരിശീലനം, റേഡിയോ-ടെലിവിഷൻ, തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ധാരണിയിലെത്തി.
വ്യാപാരം, നിക്ഷേപം, സേവന മേഖലയുമായി ബന്ധപ്പെട്ടും തൊഴിൽ മേഖലകളിലും സാങ്കേതിക സഹകരണത്തിനും പരിസ്ഥിതി, കായിക മേഖലകളിലെ സഹകരണത്തിനും കരാറുകളിൽ ഒപ്പുവെച്ചു. തിങ്കളാഴ്ച രാവിലെ റോയൽ എയർപോർട്ടിൽ എത്തിയ റൈസിയെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് എത്തിയായിരുന്നു സ്വീകരിച്ചത്.