മുസന്ദം ഗവർണറേറ്റിൽ കാർഷിക നഗരം സ്ഥാപിക്കുന്നു
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ സ്വയംപര്യാപ്തത വർധിപ്പിക്കാനാണ് കാർഷിക നഗരം സ്ഥാപിക്കുന്നത്
Update: 2024-05-20 11:05 GMT
മസ്‌കത്ത്: രാജ്യത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തത ഉയർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മുസന്ദം ഗവർണറേറ്റിൽ ഒരു കാർഷിക നഗരം സ്ഥാപിക്കുന്നു. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം സെയ്ദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിൽ വിളിച്ചുചേർത്ത മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപനം.
യോഗത്തിൽ ഗവർണറേറ്റിലെ വിവിധ വികസന സേവന പദ്ധതികൾ ചർച്ച ചെയ്തു. കാർഷിക നഗരം സ്ഥാപിക്കൽ, ദിബ്ബയിലെ വിലായത്തിൽ തടയിണ നിർമാണം, വെള്ളപ്പൊക്കത്തിൽ മുങ്ങിയ വാദികളിൽ നിന്നുള്ള അപകടസാധ്യത ലഘൂകരിക്കാൻ മദ്ഹ വിലായത്തിൽ സംരക്ഷണ ഭിത്തിയുടെ ആവശ്യകത എന്നിവ ചർച്ച ചെയ്തു.