'കെഎം ഷാജിയുടെ പ്രസ്താവനകളെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ടതില്ല'; പിന്തുണച്ച് ഫാത്തിമ തഹ്‌ലിയ
മുസ്ലിം ലീഗിൽ ഭാവിയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം കിട്ടുമെന്ന് തന്നെയാണ് കരുതുന്നത്
മസ്‌ക്കത്ത്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെ പ്രസ്താവനകളെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ടതില്ലെന്ന് എം.എസ്.എഫ് മുന്‍ ദേശീയ പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. റൂവി കെ.എം.സി.സി മസ്‌കത്തില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെ.എം ഷാജിയുടേത് അദ്ദേഹത്തിന്റെ ശൈലിയാണ്. ഓരോരുത്തർക്കും പ്രത്യേക ശൈലിയുണ്ടായിരിക്കുമെന്നും അവർ പറഞ്ഞു.
സ്ത്രീകളെ മുസ്ലീം ലീഗ് ഒതുക്കുന്നുവെന്ന് പറയാനാകില്ല. പുരുഷാധ്യപത്യമുള്ള സമൂഹത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നുണ്ട്. ഏറിയോ കുറഞ്ഞോ അളവിൽ സി.പി.എമ്മിലും ബി.ജെ.പി.യിലും ഇത് കാണാനാകും. ഇത്തരം കാര്യങ്ങളിൽ തീർച്ചയായും മാറ്റം വരേണ്ടതുണ്ട്. മുസ്ലിം ലീഗിൽ ഭാവിയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം കിട്ടുമെന്ന് തന്നെയാണ് കരുതുന്നത്. ഈ വർഷം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിം സ്ത്രീകള്‍ അടക്കമുള്ളവര്‍ കൂടുതലായി മുന്നോട്ട് വന്നിട്ടുണ്ട്. അത് എതിർക്കപെടേണ്ട കാര്യമില്ല. ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള അവകാശം വകവെച്ച്കൊടുക്കണം. ഇത്തരം കാര്യങ്ങളിൽനിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വതന്ത്ര്യവുമുണ്ട്.
മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന് തരത്തിലുള്ള പ്രചാരങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. ഇതിന് പാര്‍ട്ടി നേതൃത്വം തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ചര്‍ച്ചയോ സാഹചര്യങ്ങളോ നിലവിലിലെന്നും അവർ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിൽ റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറല്‍ സെക്രട്ടറി അമീര്‍ കാവനൂര്‍, ട്രഷറര്‍ മുഹമ്മദ് വാണിമേല്‍, സെക്രട്ടറി ഫിറോസ് പരപ്പനങ്ങാടി എന്നിവര്‍ സംബന്ധിച്ചു.