ഒമാനില്‍ ഫാക് കുറുബ പദ്ധതിയിലൂടെ ഈ വര്‍ഷം മോചിതരായത് 1035 തടവുകാര്‍
മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ തടവുകാരെ മോചിപ്പിച്ചിരിക്കുന്നത്
Update: 2022-05-31 02:02 GMT
ഫാക് കുറുബ പദ്ധതിയിലൂടെ ഒമാനിലെ വിവിധ ഗവര്‍ണറേറ്റളകളിലെ ജയിലില്‍നിന്ന് ഈ വര്‍ഷം 1035 തടവുകാരെ മോചിപ്പിച്ചതായി ഒമാന്‍ ലോയേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തടവുകാരെ മോചിപ്പിച്ചിരിക്കുന്നത് മസ്‌കത്ത് ഗവര്‍ണറേറ്റില്‍നിന്നാണ്.
ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പൊതുജനങ്ങളില്‍നിന്നും മറ്റും പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ജയില്‍ മോചിതരായിരിക്കുന്നത്.