അന്തർദേശീയ യോഗാ ദിനം ആചരിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി
ഫെബ്രുവരിയിൽ ആരംഭിച്ച 'ഒമാൻ യോഗ യാത്ര'യുടെ സമാപനം കൂടിയായിരുന്നു പരിപാടി
മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്തർദേശീയ യോഗ ദിനം ആചരിച്ചു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ കോമ്പൗണ്ടിൽ നടന്ന യോഗാ പ്രദർശനത്തിൽ 2000ൽപരം ആളുകൾ പങ്കെടുത്തു. ഒമാനിലുടനീളം യോഗ ജനകീയമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച 'ഒമാൻ യോഗ യാത്ര'യുടെ സമാപനം കൂടിയായിരുന്നു ഈ പരിപാടി. അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം ഗ്ലോബൽ അഫേഴ്സ് വകുപ്പ് മേധാവി ശൈഖ് ഹുമൈദ് അൽ മഅ്നി മുഖ്യാതിഥിയായി.
ജീവിതത്തെ സമ്പന്നമാക്കുന്നതിലും സന്തുലിതവും യോജിപ്പുള്ളതുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള യോഗയുടെ പ്രധാന്യത്തെ കുറിച്ച് മുഖ്യ പ്രാഭാഷണത്തിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ചൂണ്ടികാട്ടി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ ആളുകൾക്കും യോഗ സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും അംബാസഡർ നന്ദിയും പറഞ്ഞു. ഒമാനിലെ ഇന്ത്യക്കാർ, ഒമാൻ സ്വദേശി പ്രമുഖർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമർ, മാധ്യമ പ്രവർത്തകൾ, ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.