ജൂനിയർ ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യക്ക് കിരീടം

പാക്കിസ്താനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്

Update: 2023-08-10 01:12 GMT
Advertising

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യക്ക് കിരീടം. സലാലയിലെ സുല്‍‌ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ച്ചറല്‍ കോപ്ലക്സില്‍ നടന്ന കലാശക്കളിയിൽ പാക്കിസ്താനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. അംഗദ് ബിർ സിങ്ങ്, ഹുണ്ടാൽ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. ടൂർണമെന്‍റിൽ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.

ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിൽ കൊണ്ടും കൊടുത്തായിരുന്നു ഇരു ടീമുകളും ആദ്യ മിനിറ്റുകളിൽ മുന്നേറിയത്. ഇതിനിടെ ആക്രമണം ശക്തമാക്കിയ ഇന്ത്യ 13ാം മിനിറ്റിൽ അംഗദ് ബിർ സിങ്ങിലൂടെ മുന്നിലെത്തി. ഇതോടെ പാക്കിസ്താൻ ഉണർന്ന് കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.


ഏഴ് മിനിറ്റിന് ശേഷം രണ്ടാമതും വലകുലുക്കി ഇന്ത്യ മത്സരത്തിൽ പിടി മുറുക്കി. ഹുണ്ടാലിന്‍റെ വകയായിരുന്നു ഗോൾ. എന്നാൽ, രണ്ടാം പകുതിയിൽ മൂർച്ചയുള്ള ആക്രമണവവുമായി കളം നിറഞ്ഞ് കളിക്കുന്ന പാക്കിസ്താനെയായിരുന്നു കണ്ടത്. 38ാം മിനിറ്റിൽ അലി ബഷാരതിന്‍റെ ഗോളിലൂടെ മത്സരത്തിൽ പതിയെ ആധ്യപത്യമുറപ്പിച്ചു.

സമനിലക്കായി പാക് താരങ്ങൾ അവസാന നിമിഷംവരെ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോൾമാത്രം നേടാനായില്ല. മത്സരം കാണാനായി മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ യൂത്ത് ആൻഡ് കള്‍ച്ചറല്‍ കോപ്ലക്സില്‍ എത്തിയിരുന്നു. മലേഷ്യയെ 2-1ന്‌ തോല്‍‌പ്പിച്ച ദക്ഷിണ കൊറിയ മൂന്നാം സ്ഥാനക്കരായി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News